വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ശക്‌തമായി ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാൻ-ഒമാൻ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇറാന്റെയും ഒമാന്റെയും പ്രാദേശിക സമുദ്രാതിർത്തികൾക്ക് ഇടയിലാണ് ഹോർമുസ്. കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തിലുള്ള പാതയിലൂടെ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നതിനും ഒമാന്റെ നിയന്ത്രണത്തിലുള്ള പാതയിലൂടെ തിരിച്ചുപോകുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്നാണ് സൂചന. കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം അവയിൽ നിന്ന് സർവീസ് ഫീസ് ഈടാക്കിയേക്കും.
ഇറാന്റെ പരമാധികാരത്തിനും അവകാശങ്ങൾക്കും കോട്ടംതട്ടാത്തവിധം ഇരുരാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങൾ മുൻനിർത്തി ഹോർമുസിലൂടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക ലക്ഷ്യമിട്ടായിരുന്നു ഒമാനുമായുള്ള ചർച്ചയെന്ന് ഇറാന്റെ വിദേശകാര്യ വക്‌താവ് ഇസ്‌മയിൽ ബഖായി പറഞ്ഞു.
ഹോർമുസ് തുറക്കാനുള്ള ചർച്ചകൾ ഫലംകണ്ടെന്നും കപ്പൽ നീക്കം ഈയാഴ്‌ച സാധ്യമാകുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും പറഞ്ഞു. ഇറാൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിന് നിലവിലെ ഏറ്റവും വലിയ കീറാമുട്ടിയാണ് ഹോർമുസ് കടലിടുക്കിന്റെ അവകാശത്തർക്കം. ഇതിന് പരിഹാരമാകുന്നതോടെ ജൂൺ 17ന് നിലവിൽ വന്ന ഇടക്കാല വെടിനിർത്തൽ ധാരണാപത്രം അന്തിമമാകുന്നതിനുള്ള വഴിതെളിയും.
Most Read| ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും






































