ന്യൂഡെൽഹി: ഓണക്കാലത്തെ മലയാളികളുടെ യാത്രാക്ളേശത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുള്ള എട്ട് കോച്ചുകൾക്ക് പകരം ഓഗസ്റ്റ് 17 മുതൽ 16 കൊച്ചുകളുമായാകും ഇനി ട്രെയിൻ സർവീസ് നടത്തുക.
ഇതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530ൽ നിന്നും 1128 ആയി ഉയരും. ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്.
ട്രെയിൻ നമ്പർ 26651 ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ എറണാകുളത്ത് നിന്നുള്ള ട്രെയിൻ (26652) ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11 മണിയോടെ ബെംഗളൂരുവിൽ എത്തും. എക്സിക്യൂട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്.
നേരത്തെ, ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 20 വ്യാഴാഴ്ച സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽ നിന്ന് മടക്കയാത്ര. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക.
ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ എത്തിച്ചേരും. അതേദിവസം വൈകീട്ട് 4.10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരും.
Most Read| കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































