ആലപ്പുഴ: ജില്ലയിലെ കൈചൂണ്ടിമുക്കിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മോഷ്‌ടിച്ച ബൈക്കുമായി അമിതവേഗത്തിൽ പോകവെയാണ് അപകടം ഉണ്ടായത്. മൂന്ന് യുവാക്കളാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിച്ചതിന് പിന്നാലെ ബൈക്കിന് തീപ്പിടിക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് അപകടമുണ്ടായത്. മണ്ണാഞ്ചേരി സ്വദേശികളായ റിൻഷാദ്, സബീൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിജാസ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
അപകടത്തിൽപ്പെട്ട ബൈക്ക് മോഷണം പോയതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. മണ്ണാഞ്ചേരി സ്വദേശി പ്രമോദ് എന്നയാളുടെ ബൈക്കാണ് ഇവർ മോഷ്‌ടിച്ചത്. ഇന്നലെ രാത്രിയാണ് ബൈക്ക് മോഷണം പോയതെന്ന് ഉടമ വെളിപ്പെടുത്തി. വാഹനം മോഷ്‌ടിച്ച ശേഷം കടന്നുകളയുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം


































