കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ വിജിലൻസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സർക്കാർ നിയോഗിച്ച എസ്ഐടി എന്തുകൊണ്ട് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
ഗൗരവതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിൽ കോടതി അതൃപ്‌തിയും പ്രകടിപ്പിച്ചു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് കോടതി ചോദിച്ചു. എല്ലാ രേഖകളും സീൽ ചെയ്‌ത് സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കോടതി നിർദ്ദേശം നൽകി. വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്‌തമാക്കി.
കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, സർക്കാർ ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടിയാണോ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാത്തതെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചോദിച്ചു. എന്നാൽ, ഇഡി സർക്കാരിന് നൽകിയ കത്തിൽ എന്താണെന്ന് നിങ്ങൾക്കറിയാമോ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എസ്എഫ്ഐഒയുടെ അന്വേഷണത്തിനിടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നും, അത് പിഎംഎൽഎ ആക്‌ട് പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ കഴിയുന്ന കാര്യമാണെന്നും, അതിനാൽ സംസ്‌ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇഡി വ്യക്‌തമാക്കി.
സംസ്‌ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അഡ്വ. ജനറൽ നേരിട്ട് ഹാജരായി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌താൽ മതിയെന്ന സുപ്രീം കോടതി വിധികളാണ് എജി ചൂണ്ടിക്കാട്ടിയത്. ഇതോടെ, അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പായി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീൽ ചെയ്‌ത കവറിൽ സമർപ്പിക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് 29ആം തീയതി കോടതി അന്തിമ തീരുമാനമെടുക്കും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































