ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളെ കോടതി വിട്ടയച്ചു. അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്. ഡെൽഹി കാന്റ് പോലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റേതാണ് നടപടി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഇവരെ പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇവരുടെ അറസ്റ്റ് ഡെൽഹി പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി, ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് മൂന്ന് നേതാക്കളെയും ഡെൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇൻഫ്ളുവൻസർ ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപിയും സംഘടനകളും പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ തലസ്ഥാനം അതീവ ജാഗ്രതയിലാണ്. പ്രതിഷേധം അടിച്ചമർത്താൻ ഡെൽഹി പോലീസ് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
രാവിലെ പത്തുമണിക്ക് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. ജന്തർ മന്തറിലോ പരിസര പ്രദേശങ്ങളിലോ പ്രവർത്തകർ കൂട്ടമായി എത്തിച്ചേരാനാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. ഡെൽഹി എവിടെയാണോ തടയുന്നത്, ആ സ്ഥലം ‘ജന്തർ മന്തർ’ ആക്കി മാറ്റി സമരം ചെയ്യാനാണ് പ്രവർത്തകർക്ക് സിജെപി നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ഡെൽഹി നഗരത്തിൽ 30,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ ആർഎഎഫ് അടക്കമുള്ള അർധസൈനിക വിഭാഗങ്ങളെയും ഡെൽഹിയിൽ കാവൽ നിർത്തിയിട്ടുണ്ട്. അക്ബർ റോഡ്, ജൻപഥ് മാർഗ് തുടങ്ങിയ പ്രധാന പാതകളിൽ വലിയതോതിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ്, വാഹനങ്ങളും ആളുകളെയും പരിശോധിച്ച് കടത്തിവിടുന്നത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































