വാർധക്യത്തിലും പ്രായത്തെ തോൽപ്പിച്ച് കായികരംഗത്ത് വിസ്മയം തീർക്കുന്ന ദമ്പതികളാണ് കോട്ടയം കുമരകം അനു നിവാസിൽ ഐസക്കും (83) ഭാര്യ അന്നയും (82). പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഐസക്കും അധ്യാപികയായിരുന്ന അന്നയും ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് കായിക മൽസരങ്ങളിൽ സജീവമായത്.
ജോലിത്തിരക്ക് മൂലം കഴിയാതെപോയ കായിക സ്വപ്നങ്ങളാണ് ഇവർ റിട്ടയർമെന്റ് ജീവിതത്തിൽ സാക്ഷാത്കരിക്കുന്നത്. അത്ലറ്റിക് മൽസരങ്ങളിൽ പങ്കെടുത്ത് തുടർച്ചയായി മെഡൽ നേടുകയാണ് ഇപ്പോൾ ഇവരുടെ വിനോദം. നടത്തമാണ് ഇരുവരുടെയും ആരോഗ്യ രഹസ്യം. വീട്ടിൽ നിന്ന് കവണാറ്റിൻകര വരെ ദിവസവും ആറുകിലോമീറ്റർ നടക്കും.
ആരോഗ്യപ്രശ്നം മൂലം അടുത്തിടെ കുറെ ദിവസം നടക്കാൻ പോയില്ല. ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും നടത്തത്തിന്റെ പഴയ ട്രാക്കിലേക്ക് വരികയാണ് ഇരുവരും. സീനിയർ സിറ്റിസൺ അത്ലറ്റിക് ഉൾപ്പടെ പ്രായമായവർക്കായി നടത്തുന്ന അത്ലറ്റിക് മൽസരങ്ങളിലാണ് ഇരുവരും പങ്കെടുക്കുന്നത്.
ഇതുവരെ 37 ദേശീയ മീറ്റുകളിലും 16 മാരത്തണുകളിലും പങ്കെടുത്തു. അമ്പതിലേറെ മെഡലുകളും നേടി. 100, 200, 400 മീറ്റർ ഓട്ടത്തിലാണ് അന്ന വിജയം നേടുന്നത്. ഐസക്ക് ദീർഘദൂര ഓട്ടത്തിലാണ് പങ്കെടുക്കുന്നത്. മക്കളായ അനൂപ് കുമാറും ഐമേഷ് കുമാറും ഇവർക്ക് കട്ട സപ്പോർട്ടായി കൂടെയുണ്ട്.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക




































