തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുമുന്നണി. കേരള ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിച്ചതായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
നിയമസഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുന്നത് വഴി ഒരു തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്‌ടിക്കപ്പെട്ടതെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണെന്നും ഇത്തരം കാര്യങ്ങളില്‍ ഭരണഘടനക്ക് അനുസൃതമായാണ് ഗവര്‍ണര്‍ പെരുമാറേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി.
മാത്രവുമല്ല സംസ്‌ഥാനത്തെ സംബന്ധിച്ചെടുത്തോളം നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘എപ്പോഴാണ് നിയമസഭ ചേരുന്നതെന്ന് സാധാരണ ഗതിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ്. ഭരണഘടനാ സ്‌ഥാപനം എന്ന നിലയില്‍ ഗവര്‍ണര്‍ ഭരണഘടനക്ക് അനുസൃതമായാണ് പെരുമാറേണ്ടത്,’ വിജയരാഘവന്‍ വ്യക്‌തമാക്കി. ഇത് സുപ്രീം കോടതി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയിട്ടുള്ള വസ്‌തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാന്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷങ്ങളില്‍ നിന്ന് ഒരുപോലെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്‌ട്രീയമായി പെരുമാറുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി ഗവര്‍ണര്‍ മാറിയെന്നുമാണ് പ്രധാനമായും ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.
Read Also: മുഴുവൻ പരിപാടികളും പരിശോധിച്ചാൽ അർണബ് വളരെ വേഗം പാപ്പരാകും; പ്രശാന്ത് ഭൂഷൺ