തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്‌ഥതല സബ്‌കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി തളളിക്കളയാൻ മറ്റന്നാൾ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് മന്ത്രിസഭായോഗം ശുപാർശ ചെയ്‌തിട്ടുമുണ്ട്.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമഭേദഗതി മറികടക്കാൻ മൂന്ന് കാർഷിക ബില്ലുകൾ പഞ്ചാബ് സർക്കാർ പാസാക്കിയിരുന്നു. ഇത് മാതൃകയാക്കിയാണ് കേരളവും ബദൽ നിയമത്തെ കുറിച്ച് ആലോചിക്കുന്നത്. സർക്കാർ നിശ്‌ചയിക്കുന്ന താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയിൽ കാർഷിക ഉത്പന്നങ്ങളുടെ വിൽപന കരാർ ഉണ്ടാക്കുന്നത് കുറ്റകരമാകുമെന്നായിരുന്നു പഞ്ചാബിലെ പുതിയ നിയമം. ഇത്തരം നിയമ നിർമാണമാണ് കേരളവും പരിഗണിക്കുന്നത്.
നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്‌ഥതല സബ്‌കമ്മറ്റിയെ ചുമതലപ്പെടുത്തി. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. കർഷക സമരത്തെ പിന്തുണക്കുന്ന ബില്ലിൽ പ്രതിപക്ഷ പിന്തുണയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ മറ്റന്നാൾ നിയമസഭ സമ്മേളനം ചേരും. ഒരു മണിക്കൂർ നീളുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമായിരിക്കും സംസാരിക്കാൻ അവസരം.
നേരത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അതിനാൽ കേന്ദ്രത്തോട് നേരിട്ട് ഏറ്റുമുട്ടുന്ന കാർഷിക ബില്ലിനെതിരായ പ്രമേയത്തിന് ഗവർണർ എതിർപ്പ് കൂടാതെ അനുമതി നൽകാൻ സാധ്യത കുറവാണ്.
Read Also: ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി