ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തെ രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് ഡിഐജി എ ശ്രീനിവാസ്. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയുടെ മുൻകാല ക്രിമിനൽ പശ്‌ചാത്തലവും വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഇതിനായി പോലീസ് സംഘം ബീഹാറിലേക്ക് പോയി വിവരങ്ങൾ ശേഖരിക്കുമെന്നും വ്യക്‌തമാക്കി. പ്രതി ബീഹാറുകാരനാണെന്നാണ് നിലവിൽ പോലീസ് സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. എന്നാൽ, ഇയാളുടെ പൗരത്വം സംബന്ധിച്ചടക്കം കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് ഡിഐജി പറഞ്ഞു.
അസ്‌ഫാക് ആലം കൊടുംകുറ്റവാളിയാണെന്നും ഇയാൾ മുമ്പും പീഡനക്കേസിൽ പ്രതിയാണെന്നും അന്വേഷണ സംഘം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡെൽഹിയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018 ഡെൽഹിയിലെ ഗാസിപൂർ പോലീസാണ് അസ്‌ഫാക്കിനെ അറസ്‌റ്റ് ചെയ്‌തതെന്നും പോലീസ് വ്യക്‌തമാക്കി. എന്നാൽ, ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പിന്നീട് കേരളത്തിൽ എത്തിയ ഇയാൾ മൊബൈൽ മോഷ്‌ടിച്ച കേസിലും പ്രതിയായി. മൊബൈലുകൾ മോഷ്‌ടിച്ചു വിറ്റു ആ പണം കൊണ്ട് മദ്യപിക്കുന്നയാളാണ് ഇയാൾ. അതിനിടെ, പ്രതിയുടെ തിരിച്ചറിയൽ പരേഡ് ഇന്ന് പൂർത്തിയായി. ആലുവ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ കണ്ടക്‌ടർ സന്തോഷ്, യാത്രക്കാരി സ്‌മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം, എറണാകുളം പോക്‌സോ കോടതി അസ്‌ഫാക് ആലത്തെ ചോദ്യം ചെയ്യലിനായി പത്ത് ദിവസം പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാൻ നടപടി എടുക്കണമെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഡോ. വന്ദന ദാസ് കൊലപാതകം; കുത്തിയത് കൊല്ലാൻവേണ്ടി തന്നെ- കുറ്റപത്രം സമർപ്പിച്ചു