ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. അസ്‌ഫാക്കിന്റെ കുടുംബമുള്ള ബീഹാറിലെ ആരാര്യ ജില്ലയിലെത്തി പ്രതിയുടെ പശ്‌ചാത്തലം അന്വേഷിക്കും.
മറ്റൊരു സംഘം ഡൽഹിയിലും അന്വേഷണം തുടങ്ങി. ഗാസിപ്പൂരിലെ കേസിനൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ടെന്നും, ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധനയുമാണ് അന്വേഷണ സംഘം നടത്തുക.
കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് ഇയാളുടെ രീതി. അതേസമയം, ആലുവയിൽ കുട്ടി കൊല്ലപ്പെട്ട ദിവസം പുനരാവിഷ്‌കരിച്ചുള്ള തെളിവെടുപ്പ് തിങ്കളാഴ്‌ച നടത്താനാണ് തീരുമാനം. പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി.
Most Read| നിർണായക ഘട്ടവും വിജയകരം; ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു