ഏലപ്പീടിക: സാമൂഹ്യ വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും ശല്യം രൂക്ഷമായതോടെ ഏലപ്പീടിക വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കണിച്ചാർ പഞ്ചായത്തിലാണ് ഏലപ്പീടിക എന്ന പ്രകൃതി രമണീയമായ മലയും വ്യൂ പോയിന്റും ഉള്ളത്.
കണ്ണുർ നെടുംപൊയിൽ വയനാട് റോഡിലെ ചുരം പ്രദേശങ്ങളോട് ചേർന്നുള്ള സ്‌ഥലം ആയതിനാൽ യാത്രക്കാർ ഇവിടെ സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി മദ്യപാനികളും കഞ്ചാവ് വിൽപനക്കാരും ഈ പ്രദേശങ്ങളിൽ വരികയും രാത്രിയും പകലും സാമൂഹ്യ വിരുദ്ധർ വിലസുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്‌തു.
കൂടാതെ പല പ്രദേശങ്ങളിലും നിന്നുള്ള മാലിന്യം ഏലപ്പീടികയിലെ ആളൊഴിഞ്ഞ മേഖലകളിലും റോഡരികിലും വ്യൂ പോയിന്റിലും വരെ തള്ളുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാമിന്റെ നേതൃത്വത്തിൽ വ്യൂ പോയിന്റിലേക്കുള്ള റോഡ് അടച്ചത്. സന്ദർശകർക്ക് ഏലപ്പീടിക ഹെൽത്ത് സെന്ററിന്റെ സമീപം വാഹനം പാർക്ക് ചെയ്‌ത ശേഷം നടന്നു മാത്രമേ ഇനി വ്യൂ പോയിന്റിലേക്ക് പോകാൻ സാധിക്കൂ.
Also Read: നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും