കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിൽ പങ്കെടുത്ത സംഘത്തിന് നന്ദിയറിയിച്ചു ജസ്‌റ്റിസ് എകെ ജയശങ്കർ കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘം ദൗത്യം നിർവഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ഹൈക്കോടതി കത്തിൽ വ്യക്‌തമാക്കി.
അതേസമയം, മനുഷ്യ-മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതിയിൽ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡണ്ടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്റെ മിനുട്ട്സ് നൽകിയില്ലെന്ന പഞ്ചായത്തിന്റെ പരാതിയിലാണ് കോടതിയുടെ വിമർശനം. പഞ്ചായത്ത് പ്രസിഡണ്ട് രാഷ്‌ട്രീയം കളിക്കരുതെന്ന് പറഞ്ഞ കോടതി, അരിക്കൊമ്പനെ ഡീൽ ചെയ്‌തു പിന്നെയാണോ പഞ്ചായത്ത് പ്രസിഡണ്ടെന്നും പരിഹാസത്തോടെ ചോദിച്ചു.
ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നൽകി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി നിർദ്ദേശം നൽകി. റേഡിയോ കോളർ വഴി ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പും മറുപടി നൽകി.
അതേസമയം, പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭ്യമായി തുടങ്ങി. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. അരിക്കൊമ്പന്റെ സാറ്റ്‌ലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിച്ചിരുന്നില്ല.
Most Read: അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രിയുടെ ശ്രമം; ഗുസ്‌തി താരങ്ങൾ