‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

വിഷയത്തിൽ അടിയന്തിരമായി ഇടപെടാനില്ലെന്നും, ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. സർക്കാർ സമീപിച്ചാൽ ഹൈക്കോടതികൾ ഉടൻ വാദം കേൾക്കണമെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്.

By Trainee Reporter, Malabar News
supreme-court-on-the-kerala-story
Ajwa Travels

തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ക്ക് അടിയന്തിര സ്‌റ്റേ അനുവദിക്കണമെന്ന ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തിരമായി ഇടപെടാനില്ലെന്നും, ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. സർക്കാർ സമീപിച്ചാൽ ഹൈക്കോടതികൾ ഉടൻ വാദം കേൾക്കണമെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്.

‘ജാമിയത്ത് ഉലമ ഐ ഹിന്ദ്’ എന്ന സംഘടനയാണ് ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ അനുവദിക്കണമെന്ന ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർത്തി പെടുത്തുന്നതും വാസ്‌തവ വിരുദ്ധമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജിയിൽ വാദം കേൾക്കവേ, സമാനമായ ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെന്ന് സിനിമ നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതോടെയാണ് ഹരജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്. സിനിമക്കെതിരെ ഹരജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കണമെന്ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സിനിമക്കെതിരെ മൂന്ന് ഹരജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്നത്‌. ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം കേരള ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ടീസർ മാത്രം കണ്ടു സിനിമയെ വിലായിരുത്താൻ ആകുമോയെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. സിനിമാ പ്രദർശനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്‌റ്റഡി സർക്കിൾ എൻജിഒ ഭാരവാഹി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, വിവാദങ്ങൾക്കിടെ, സ്‌റ്റോറിയുടെ യൂട്യൂബ് ഡിസ്‌ക്രിപ്ഷൻ വിവരം അണിയറ പ്രവർത്തകർ തിരുത്ത് വരുത്തിയിരുന്നു. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം, ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പിൽ നൽകിയിരുന്നത്.

എന്നാൽ, 32,000 പേരായാലും മൂന്ന് പേരായാലും വിഷയം ഗൗരവം ഉള്ളതാണെന്നാണ് സിനിമയുടെ സംവിധായകൻ സുദീപ്‌തോ സെൻ പ്രതികരിച്ചത്. റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെത്തി സിനിമ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 100 തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും സംവിധായകൻ സുദീപ്‌തോ സെൻ വ്യക്‌തമാക്കി.

സത്യം മറച്ചു വെക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ പോകുന്നത്. സത്യം മറച്ചുവെക്കാൻ പലരും ശ്രമിക്കുന്നു. മൂന്ന് നിഷ്‌കളങ്കരായ പെൺകുട്ടികളുടെ കഥ മറച്ചുവെക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ കുറ്റകൃത്യം ചെയ്‌തവരിൽ പെടുന്നവരാണ്. 32,000 ഒരു കൃത്യമായ കണക്ക് അല്ല. വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ, സർക്കാരും പോലീസും കണക്ക് തന്നില്ലെന്നും സുദീപ്‌തോ സെൻ പറഞ്ഞു. ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്തും.

Most Read: വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE