അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹരജി വിധി പറയാൻ മാറ്റി

അതിനിടെ, ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.

By Trainee Reporter, Malabar News
 Aravind Kejriwal arrest
Ajwa Travels

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി.

അധിക്ഷേപിക്കാനും അശക്‌തനാക്കാനുമാണ് തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇഡി തിടുക്കത്തിൽ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മനു സിങ്‌വി കോടതിയിൽ വാദിച്ചു. വിചാരണക്കോടതിയിൽ കസ്‌റ്റഡിയിൽ വിടുന്നതിനെ എതിർക്കാതിരുന്നതിലൂടെ അറസ്‌റ്റിനെ ചോദ്യം ചെയ്യാനുള്ള കെജ്‌രിവാളിന്റെ അവകാശം നഷ്‌ടപ്പെട്ടു എന്ന ഇഡിയുടെ വാദം കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും സിങ്‌വി പറഞ്ഞു.

എന്നാൽ, ഡെൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്‌തമാണെന്നും അഴിമതി നടത്തിയതും അതിന്റെ ഗുണഭോക്‌താക്കളായതും ആംആദ്‌മി പാർട്ടിയാണെന്നും എസ്‌വി രാജു വാദിച്ചു. എഎപിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത്. അതിനാൽ തന്നെ പാർട്ടിയുടെ ചെയ്‌തികളുടെയെല്ലാം ഉത്തരവാദിത്തം കെജ്‌രിവാളിന് ഉണ്ടെന്നും എസ്‌വി രാജു കോടതിയിൽ വാദിച്ചു.

അതിനിടെ, ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാത്രി എട്ടുമണിയോടെയാണ് സഞ്‌ജയ്‌ സിങ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് എഎപി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകുകയും പുഷ്‌പവൃഷ്‌ടി നടത്തുകയും ചെയ്‌തു.

ആറുമാസത്തിന് ശേഷമാണ് കേസിൽ സഞ്‌ജയ്‌ സിങ്ങിന് ജാമ്യം ലഭിക്കുന്നത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. സഞ്‌ജയ്‌ സിങ്ങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ ഒന്നും കണ്ടെത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പണം കണ്ടെത്താനും ഇഡിക്ക് സാധിച്ചിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സഞ്‌ജയ്‌ സിങ്ങിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജാമ്യ കാലയളവിൽ സഞ്‌ജയ്‌ സിങ്ങിന് രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസമില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read| ഗ്യാൻവാപി മസ്‌ജിദ്‌; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE