മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം. നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ സംഘടിപ്പിച്ചതിന്റെ പശ്‌ചാത്തലത്തിൽ, അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടാണ് വിലക്ക്.
സംഭവവുമായി ബന്ധപ്പെട്ടു നേരത്തെയും ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് മയപ്പെടുന്നതായി സൂചനകൾ ഉണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുന്നില്ല.
എന്നാൽ, ഷൗക്കത്തിനെതിരെ കെപിസിസി നടപടി നടപടിയെടുത്തില്ലെങ്കിൽ മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുമെന്നാണ് വിവരം. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ആര്യാടൻ ഷൗക്കത്തിന്റേത് സമാന്തര സംഘടനാ പ്രവർത്തനമാണെന്നും പാർട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവിൽ നിലപാടിൽ നിന്ന് പിന്നാക്കം പോവുകയാണ്.
വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കടുത്ത നടപടികളൊന്നും ശുപാർശ ചെയ്യുന്നില്ല. സീൽ ചെയ്‌ത് സമർപ്പിച്ച റിപ്പോർട് അടുത്ത ആഴ്‌ചയെ കെപിസിസി പ്രസിഡണ്ട് തുറക്കുക പോലുമുള്ളൂ. നാളെ നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാൽ പോലും നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാർട്ടിക്കുള്ളത്.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക