പലഹാരങ്ങളുടെ പ്രധാന ചേരുവയായ ഉഴുന്ന് ഔഷധമൂല്യമുള്ളതും പോഷക സമ്പന്നവുമാണ്. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഉഴുന്നിലുണ്ട്.
ഉഴുന്നുവട, ഇഡലി, ദോശ, പപ്പടം, മുറുക്ക്, തേൻകുഴൽ മുതലായ ഉഴുന്ന് ചേർത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾ നമുക്കേവർക്കും സുപരിചിതങ്ങളാണ്. ‘ദാൽമഖാനി’ എന്ന ഉത്തരേന്ത്യൻ വിഭവം തവിട് കളയാത്ത ഉഴുന്നുപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ്.
മാംസ്യം ഏറ്റവും കൂടുതലുള്ള ധാന്യങ്ങളിൽ ഒന്നാണ് ഉഴുന്ന്. അന്നജം അധികമുള്ള അരിയും മാംസ്യം അധികമുള്ള ഉഴുന്നും ചേരുമ്പോൾ സമീകൃതാഹാരമാകുന്നു. വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും സാന്നിധ്യം കൊണ്ട് ഉഴുന്ന് പോഷക പദാർഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.
ഉഴുന്ന് കഴിക്കുന്നതിലൂടെ ശരീരത്തിന് വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവ ലഭിക്കുന്നു. താരതമ്യേന നാരുകൾ ഉഴുന്നിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മലബന്ധം ഉള്ളവർ ഉഴുന്ന് കഴിക്കുന്നത് ഗുണം ചെയ്യും.
ഉഴുന്നിന്റെ ഗുണങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ ആയുർവേദ ഔഷധങ്ങളുമുണ്ട്. പ്രസാരിണ്യാദി കഷായം, വിദാര്യാദി ലേഹം, മഹാമാഷതൈലം, ബലാഹഠാദി തൈലം എന്നിവ അവയിൽ ചിലതാണ്.
അതേസമയം ശരീരകോശങ്ങളുടെ ജീർണത തടയുവാൻ ഉഴുന്നിന്റെ ഉപയോഗം സഹായിക്കും. ഉഴുന്ന് കഴിക്കുന്നത് പേശികൾക്ക് വളർച്ചയും ബലവും നൽകുന്നു.
അമിതമായ വിശപ്പകറ്റുവാൻ ഉഴുന്ന് നല്ല ഭക്ഷണമാണ്. ദേഹത്തുണ്ടാകുന്ന കോച്ചൽ, പിടിത്തം എന്നിവയ്‌ക്ക് പരിഹാരമാണ് ഉഴുന്നിന്റെ ഉപയോഗം.
Most Read: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധാന രംഗത്തേക്ക് രേവതി; കാജോള്‍ നായിക