ചണ്ഡീഗഢ്: നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്‌ഥാനത്തെ സംരക്ഷിക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെയെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശംസിച്ചു. പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ചന്നി സത്യപ്രതിജ്‌ഞ ചെയ്യുന്നത്. ഇതോടെ ചരണ്‍ജിത് സിംഗ് ചന്നി സംസ്‌ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാവും.
പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. താന്‍ അപമാനിതനായാണ് പടിയിറങ്ങുന്നതെന്നും തുടരാന്‍ താൽപര്യമില്ലെന്നും സോണിയ ഗാന്ധിയോട് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. പിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് നവ്‌ജ്യോത് സിംഗ് സിദ്ദു എത്തിയതുമുതൽ അമരീന്ദർ സിംഗ് കൂടുതൽ പ്രതിസന്ധിയിൽ ആയിരുന്നു. അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡും കൈവിട്ടതിനെ തുടർന്നാണ് രാജി വെക്കാനുള്ള തീരുമാനത്തിലേക്ക് അമരീന്ദർ എത്തിയത്.
Read also: മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്