ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് കുൽവന്ത് സിങ് സന്ധു. രാജ്യ തലസ്‌ഥാനത്തെ സമരമുഖത്തേക്ക് വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് കർഷകർ വൻതോതിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് സിന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം മാറ്റി വെക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർക്ക് കത്തയക്കുമെന്നും സിന്ധു പറഞ്ഞു. കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവെക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥി ആയിട്ടാണ് ബോറിസ് ജോൺസനെ കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സർക്കാർ സ്വീകരിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവെക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ മുന്നോട്ട് വന്നത്.
അതേസമയം, നിയമ ഭേദഗതി ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളിൻമേൽ എന്ത് തീരുമാനം എടുക്കണമെന്ന് ചൊവ്വാഴ്‌ച ചേർന്ന കർഷക സംഘടനകളുടെ യോഗം ചർച്ച ചെയ്‌തു. ഡിസംബര്‍ 26, 27, 28 തീയതികളില്‍ ഹരിയാനയിലെ ടോള്‍ പ്ളാസകള്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 25, 26 തീയതികളില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Also Read: പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി