ന്യൂഡെല്‍ഹി: ഇ- കൊമേഴ്‌സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ആമസോണും ഫ്ലിപ്‌കാർട്ടും ഉള്‍പ്പെടെയുള്ള ഇ- കൊമേഴ്‌സ് കമ്പനികളില്‍ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് ബാങ്കുകള്‍ ഓഫറുകള്‍ നല്‍കുന്നതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തെത്തിയത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഇ- കൊമേഴ്‌സ് പ്ളാറ്റ്ഫോമുകളില്‍ ഓഫര്‍ നല്‍കുന്നതിനെതിരെയാണ് പരാതി. ഓണ്‍ലൈനായി വാങ്ങുന്ന അതേ ഉല്‍പന്നങ്ങള്‍ കടകളില്‍ നിന്ന് ഉപഭോക്‌താക്കള്‍ നേരിട്ട് വാങ്ങുമ്പോള്‍ ഓഫര്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളുടെ വിവേചനപരമായ ഈ ഇടപെടല്‍ നിര്‍ത്തലാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് സിഎഐടി നേരത്തെ ആര്‍ബിഐയെ സമീപിച്ചിരുന്നു.
ഏഴു കോടിയോളം വ്യപാരികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. നേരത്തെ വിദേശ നിക്ഷേപ നയം ലംഘിച്ച് പ്രവര്‍ത്തിക്കുക വഴി കമ്പനികള്‍ ചെറുകിട വ്യവസായത്തെ തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സിഎഐടി ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി ആമസോണിനെയും ഫ്ലിപ്‌കാര്‍ട്ടിനെയും എതിര്‍ക്കുന്ന കോണ്‍ഫെഡറേഷന്‍, ഇവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാരങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്പ്