തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശൻ വിമർശിച്ചു. സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്. അദ്ദേഹത്തെയിരുത്തി കോൺഗ്രസ് ചർച്ച ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
രാഷ്ട്രീയ തന്ത്രജ്‌ഞൻ സുനിൽ കനുഗോലു കെപിസിസി രാഷ്‌ട്രീയകാര്യ യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. തുടർഭരണം ലഭിക്കുന്നതിന് രണ്ടുവർഷം മുൻപ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മേക്ക് ഓവറിനായി മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടിയെന്നും വിഡി സതീശൻ ആരോപിച്ചു. രണ്ടുവർഷത്തോളം കേരളത്തിൽ ചിലവിട്ട അവർ നിയമസഭയുടെ ഗാലറിയിലടക്കം ഉണ്ടായിരുന്നുവെന്നും സതീശൻ ആരോപിച്ചു.
പിണറായി വിജയന്റെ ശരീരഭാഷ പഠിച്ചു, എങ്ങനെ സംസാരിക്കണം എന്ന് പഠിപ്പിച്ചത് അവരാണെന്നും വിഡി സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് ഒരുമണിക്കൂർ മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നൽകിയിരുന്നത് മുംബൈയിൽ നിന്നുള്ള ഏജൻസിയാണ്. കുരങ്ങനും നായയ്‌ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതി കൊടുത്തത്. എല്ലാ ശനിയാഴ്‌ചയും ക്ളിഫ് ഹൗസിൽ കയറ്റിയിരുത്തി ചർച്ച നടത്തിയില്ലേയെന്നും വിഡി സതീശൻ ചോദിച്ചു.
മുംബൈയിലെ പിആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വർഷമായി പിണറായി വിജയൻ പിആർ ഏജൻസിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്‌സ്യൂളാണ് വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനിൽ കനുഗോലുവിന്റെ പേരുപറഞ്ഞു കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. മനുഷ്യനായാൽ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണ്. കനുഗോലു പിആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ, ഇപ്പോൾ കോൺഗ്രസ് അംഗമാണ്. ഏഴംഗ ടാസ്‌ക് ഫോഴ്‌സിലും അംഗമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ