പാരിസ്: യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകത്ത് ആശങ്ക ഉയരുന്നു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 298 മരണങ്ങളും ഇവിടെ സംഭവിച്ചു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വലിയ തോതിലാണ് വർധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി എന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
പ്രായമായ ആളുകളാണ് കൂടുതലും രോഗബാധിതരാകുന്നതെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) മുന്നറിപ്പ് നൽകി. പൊതുഇടങ്ങളിൽ സമ്പർക്കം പുലർത്തുന്ന ചെറുപ്പക്കാരും രോഗ ബാധിതരാകുന്നുണ്ടെങ്കിലും ഗുരുതരമായ പ്രശ്‌നമൊന്നും ഇവരിലില്ല. മരണനിരക്കും ചെറുപ്പക്കാരിൽ വളരെ കുറവാണ്. അതേസമയം, യൂറോപ്പിൽ പുതുതായി രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും 65 വയസിന് മുകളിലുള്ളവരാണ്. ക്രൊയേഷ്യയിലെയും നെതർലാൻഡിലെയും ആശുപത്രികളിൽ ചികിൽസ തേടുന്ന പ്രായമായവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായതെന്ന് ഇസിഡിസി അറിയിച്ചു.
Read Also: ഭീകരതയുടെ താവളം; പാകിസ്‌ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും
സ്‌പെയ്‌നിലും സമാന അവസ്‌ഥയാണ് നിലനിൽക്കുന്നത്. രണ്ടാഴ്‌ച മുമ്പ് സ്‌പാനിഷ് സർക്കാർ മാഡ്രിഡിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്‌ച കർഫ്യു ഏർപ്പെടുത്തുന്നതിനെ പറ്റി ആലോചനയുണ്ടെന്നും ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
രോഗത്തെ പ്രതിരോധിക്കുന്നതിന് അടുത്ത ഏതാനും മാസങ്ങൾ നിർണായകമാണെന്ന് ലോക ആരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്‌തമാക്കി. കോവിഡിനെതിരെയുള്ള ഫ്രാൻസിന്റെ പോരാട്ടം അടുത്ത വേനൽക്കാലം വരെ തുടർന്നേക്കാമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണും അറിയിച്ചു.