ഭീകരതക്ക് വേരോട്ടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്‌ഥാന്‍ തുടരും. പാരീസ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകര വിരുദ്ധ നിരീക്ഷണ സമിതിയായ എഫ്.എ.ടി.എഫിന്റെ (The Financial Action Task Force) ആണ് തീരുമാനം. ഭീകരതയുടെ പണ സ്രോതസ്സുകള്‍ തടയാനായി പ്രവര്‍ത്തിക്കുന്ന എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ 2018 മുതല്‍ പാകിസ്‌ഥാന്‍ ഉണ്ട്.
പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് പാകിസ്‌ഥാന്‍ ശക്‌തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നു ദിവസമായി നടന്ന എഫ്.എ.ടി.എഫ്. വെര്‍ച്വല്‍ യോഗത്തില്‍ പാക് ആവശ്യം തള്ളി. ഭീകരതക്കെതിരായ കര്‍മപദ്ധതി പൂര്‍ണ്ണമാക്കാന്‍ പാകിസ്‌ഥാന് കഴിഞ്ഞില്ലെന്ന് എഫ്.എ.ടി.എഫ്. വിലയിരുത്തി.
’27 നിര്‍ദേശങ്ങളില്‍ 21 എണ്ണം പാകിസ്‌ഥാന്‍ പൂര്‍ത്തീകരിച്ചു. ലോകം അത്രത്തോളം സുരക്ഷിതമായെന്നാണ് അര്‍ഥം. എന്നാല്‍ ആറു കാര്യങ്ങള്‍ കൂടി അഴിച്ചു പണിയേണ്ടതുണ്ട്. അവരുടെ കുറവുകള്‍ പരിഹരിച്ച് പുരോഗതിയിലേക്ക് എത്താന്‍ അവസരം നല്‍കുന്നു’- എഫ്.എ.ടി.എഫ്. പറഞ്ഞു.
Related News: ഭീകരരുടെ സ്വർഗരാജ്യം; പാകിസ്‌ഥാനെതിരെ ശക്‌തമായ നിലപാടുമായി ഇന്ത്യ
ഗ്രേ പട്ടികയില്‍ തുടരുന്നത് പാകിസ്‌ഥാന് ആഗോള സാമ്പത്തിക സഹായങ്ങള്‍ കിട്ടാന്‍ തടസ്സമാണ്. ഇനി 2021 ഫെബ്രുവരിയില്‍ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ. ഭീകരതക്കെതിരായ നടപടികള്‍ 2021 ഫെബ്രുവരിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്നും എഫ്.എ.ടി.എഫ്. പാകിസ്‌ഥാനോട് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്‌ഥാന്‍ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ്.എ.ടി.എഫില്‍ ചൂണ്ടിക്കാണിച്ചിരുന്നു.