കോഴിക്കോട്: മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യങ്ങൾക്കും വംശീയ വിദ്വേഷ പ്രസംഗങ്ങള്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യയെയും അധിക്ഷേപിച്ചതിന് പിന്നാലെ ചെത്തുകാരന്‍ കോരന് സ്‍ത്രീധനം കിട്ടിയതല്ല കേരളം തുടങ്ങിയ ലീഗിന്റെ മുദ്രാവാക്യം കൂടെ പ്രചരിച്ചതോടെയാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടേറിയേറ്റ് രംഗത്ത് വന്നത്.
മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളെയും മാത്രമല്ല, സ്?ത്രീകളെയും എല്‍.ജി.ബി.ടി വിഭാഗങ്ങളെയുംവരെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു ലീഗ് സമ്മേളനത്തിലെ പ്രസംഗങ്ങൾ എന്നും സംഘ പരിവാറിനെപോലെ താലിബാന്‍ വികാരം പടര്‍ത്തുന്ന ലീഗ് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അബ്‌ദു റഹിമാൻ വ്യക്‌തിപരമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ അബ്‌ദു റഹിമാൻ നടത്തിയ പരാമര്‍ശം വ്യക്‌തി എന്ന നിലയില്‍ റിയാസിന്റെയും സ്‍ത്രീ എന്ന നിലയില്‍ വീണയുടെയും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. മനുഷ്യാവകാശ ലംഘനത്തിനും വ്യക്‌തിഹത്യക്കും അപവാദ പ്രചാരണത്തിനും അബ്‌ദു റഹിമാൻ കല്ലായിക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ തന്നെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം.
Read also: ശബരിമല; തീർഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു