ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. ശക്‌തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായതെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട് വ്യക്‌തമാക്കുന്നു.
ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മെയ് 11നാണ് കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്ക് പോയതായിരുന്നു ജംഷീദ്.
ഇതിന് പിന്നാലെ മകന്റെ മരണകാരണം അന്വേഷിക്കണമെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് ജംഷീദിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകന്‍ ആത്‌മഹത്യ ചെയ്യില്ലെന്നും ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ