ലഖ്‌നൗ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനു നേരെയും ഹത്രസിൽ വച്ച് കയ്യേറ്റമുണ്ടായി. ഹത്രസിലേക്ക് കടക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് തങ്ങളെ കടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഇടക്കാണ് ഒരാൾ ഡെറക് ഒബ്രിയാനെ റോഡിൽ തള്ളിയിട്ടത്.
ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ ഡെറക് ഒബ്രിയാനേയും പ്രവർത്തകരേയും യുപി പോലീസ് തടഞ്ഞു വക്കുകയായിരുന്നു. ഹത്രസ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് വെറും 1.5 കിലോമീറ്റർ ദൂരത്തു വച്ചാണ് തങ്ങളെ പോലീസ് തടഞ്ഞതെന്ന് പ്രവർത്തകർ ആരോപിച്ചു. ഡെറക് ഒബ്രിയാനെ റോഡിലേക്ക് പിടിച്ചു തള്ളിയിട്ടതായും പ്രവർത്തകർ പറഞ്ഞു.
തൃണമൂൽ എംപിമാരുടെ ഒരു സംഘം ഡെൽഹിയിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി ഹത്രസിലേക്ക് പുറപ്പെട്ടു. എന്നാൽ, യുപി പോലീസ് തങ്ങളെ ഹത്രസിലേക്ക് കടക്കാൻ അനുവദിച്ചില്ല. തൃണമൂൽ എംപിമാരായ ഡെറക് ഒബ്രിയാൻ, ഡോ. കകോലി ഘോഷ് ദസ്തിദാർ, പ്രതിമ മൊണ്ടാൽ, മുൻ എംപി മമത താക്കൂർ എന്നിവരടങ്ങുന്ന സംഘമാണ് ഹത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ, പെൺകുട്ടിയുടെ വീട്ടിലേക്ക് കടക്കാൻ അനുവദിക്കാതെ തങ്ങളെ തടഞ്ഞു. ഇതിനിടയിൽ വെളുത്ത ഷർട്ട് ധരിച്ച ഒരാൾ ഡെറക് ഒബ്രിയാനെ നിലത്തേക്ക് തള്ളിയിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നും പ്രവർത്തകർ പറഞ്ഞു.
Also Read: ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം
” കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും ഞങ്ങൾ സമാധാനപരമായാണ് ഹത്രസിലേക്ക് പോയത്. ഞങ്ങൾ ഒരോരുത്തരും തനിച്ചാണ് യാത്ര ചെയ്‌തത്, എല്ലാ നിയമങ്ങളും പാലിക്കുകയും ചെയ്‌തിരുന്നു. ഞങ്ങളുടെ പക്കൽ ആയുധങ്ങളൊന്നുമില്ല. ഞങ്ങളെ എന്തിനാണ് തടഞ്ഞത്? തെരഞ്ഞെടുക്കപ്പെട്ട എംപിമാർ ദുഃഖിതരായ ഒരു കുടുംബവുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ നിന്ന് തടയുന്നത് ഏത് തരത്തിലുള്ള ജംഗിൾ രാജ് ആണ്? ഹത്രസിലെ ഇരയുടെ വീട്ടിൽ നിന്ന് 1.5 കിലോമീറ്റർ മാത്രം അകലെ വച്ചാണ് ഞങ്ങളെ തടഞ്ഞത്, ”- തൃണമൂൽ എംപി പറഞ്ഞു.
കഴിഞ്ഞദിവസം ഹത്രസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി എംപിയേയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് തടഞ്ഞിരുന്നു.
Read This: ഗാന്ധി ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് ഭരണത്തിൽ; പ്രശാന്ത് ഭൂഷൺ
ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ വച്ചാണ് കോൺഗ്രസ് നേതാക്കളെ ആദ്യം തടയാൻ ശ്രമിച്ചത്. പ്രവർത്തകർ പ്രതിഷേധിച്ചതോടെ അവിടെനിന്ന് വാഹനവ്യൂഹം കടത്തിവിട്ടു. പിന്നീട് ഗ്രേറ്റർ നോയിഡയിൽ വച്ചു തടഞ്ഞു. എന്നാൽ, തിരിച്ചു പോകാൻ തയ്യാറാകാതിരുന്ന പ്രിയങ്കയും രാഹുലും വാഹനങ്ങൾ അവിടെ പാർക്ക് ചെയ്‌ത ശേഷം പ്രവർത്തകർക്കൊപ്പം കാൽനടയായി ഹത്രസിലേക്ക് നീങ്ങി. യമുന ഹൈവേയിലൂടെയായിരുന്നു യാത്ര. ഇതിനിടെ വീണ്ടും യുപി പോലീസെത്തി തടഞ്ഞു.
ഇതു വകവെക്കാതെ രാഹുൽ ഗാന്ധി വീണ്ടും മുന്നോട്ട് നീങ്ങി, ഉന്തും തള്ളുമുണ്ടായി. പോലീസ് രാഹുൽ ഗാന്ധിയെ തള്ളിവീഴ്‌ത്തി, മുന്നോട്ട് നീങ്ങാൻ അനുവദിച്ചില്ല. പ്രവർത്തകർക്കു നേരെ ലാത്തിചാർജ് നടത്തി. ഒരു ഭാഗത്ത് പോലീസ് ലാത്തിചാർജ് നടത്തുമ്പോഴും രാഹുലും പ്രിയങ്കയും മുന്നോട്ട് പോയികൊണ്ടിരുന്നു. ഒടുവിൽ ഇരുവരേയും പോലീസ് പ്രതിരോധ കസ്‌റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്‌റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
Kerala News: 144 പ്രഖ്യാപിച്ചത് സമരങ്ങളെ അടിച്ചമർത്താൻ; കെ മുരളീധരൻ