തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ് വഴി ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്‌ത സംഭവത്തിലാണ് കസ്‌റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്.
ഖുർആൻ ഏറ്റെടുത്ത് വിതരണം ചെയ്‌ത മന്ത്രി കെടി ജലീലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. നയതന്ത്ര ബാഗിന്റെ മറവിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതർ സ്വർണം കടത്തിയതുപോലെ ഈന്തപ്പഴത്തിന്റെയും ഖുർആന്റെയും മറവിൽ കളളക്കടത്തെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ സംശയം. ഇരു ഇറക്കുമതികളിലും സ്വർണക്കളളക്കടത്തിന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് അന്വേഷണം നിലച്ചത്.
യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്‌ത ഇവ രണ്ടും പുറത്തു വിതരണം ചെയ്‌തതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നതോടെ സംസ്‌ഥാന സർക്കാരിനെ പ്രതികൂട്ടിൽ ആക്കാനുള്ള നീക്കവും പാളി. ഈ പഴുത് മനസിലാക്കിയ സർക്കാർ ഈന്തപ്പഴ ഇറക്കുമതിയുടെ ഉത്തരവാദിത്വം ആർക്കെന്ന് ചോദിച്ച് കസ്‌റ്റംസിന് വിവരാവകാശ അപേക്ഷ സമർപ്പിച്ചു.
നികുതിയടക്കാതെ കൊണ്ടുവന്ന ഈന്തപ്പഴവും മറ്റും അനാഥാലയങ്ങൾക്ക് വിതരണം ചെയ്‌തതിന്റെ പേരിൽ സംസ്‌ഥാന സർക്കരിനെതിരെ ഇനി കേസെടുത്താൽ പോലും നടപടികൾ ചെറിയൊരു പിഴയിലൊതുങ്ങും. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാർ ഒരു മുഴം മുന്നേ എറിഞ്ഞത്.
Read Also: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും