തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാൽമകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്‌റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. ഇത് തികച്ചും രാഷ്‌ട്രീയപരമാണ്. സ്വന്തം അഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നതായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും, പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിൽ ഉള്ളതെന്ന് പകലു പോലെ വ്യക്‌തമാണെന്നും എം സ്വരാജ് അഭിപ്രായപ്പെട്ടു.
വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങ് വീഴുമ്പോൾ കേൾക്കുന്ന ശബ്‌ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെ തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധം ഉയർത്തേണ്ട സന്ദർഭമാണിതെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ശബ്‌ദങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കം ചെറുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ ശക്‌തമായി അപലപിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽഗാന്ധിക്ക് എതിരായ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയും പ്രതികരിച്ചു.
അതേസമയം, അയോഗ്യതാ നടപടിയെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം. ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തി. സത്യം ആരും പറയരുതെന്നാണ് മോദി നയം. ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എകെ ആന്റണി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ഭരണഘടന നിലനിൽക്കണം. മോദിയുടേത് ആസൂത്രിത നീക്കമാണ്. ഇതിനെതിരെ ജനാധിപത്യ ശക്‌തികൾ ഒരുമിച്ചു നിൽക്കണമെന്നും എകെ ആന്റണി പ്രതികരിച്ചു.
Most Read: നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി