ലഖ്‌നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ സംസ്‌ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്ക് മുൻപാണ് കർഷകർക്ക് ഇത്തരമൊരു നോട്ടീസ് നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ ട്രാക്‌ടർ ഉടമസ്‌ഥരായ കർഷകർക്ക് ജനുവരി 19നാണ് നോട്ടീസ് നൽകിയിരുന്നത്. 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വ്യക്‌തിഗത ബോണ്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് കർഷകർക്ക് നോട്ടീസ് നൽകിയത്.
റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ നടത്താൻ തീരുമാനിച്ചിരുന്ന ട്രാക്‌ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇതിനെതിരെ സാമൂഹിക പ്രവർത്തക അരുന്ധതി ധുരു സമർപ്പിച്ച ഹരജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി സംസ്‌ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുക ആയിരുന്നു. സീതാപൂരിലെ നൂറുകണക്കിന് കർഷകർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു.
സംസ്‌ഥാന സർക്കാർ പുറപ്പെടുവിച്ച നോട്ടീസുകൾ അടിസ്‌ഥാനരഹിതം മാത്രമല്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ പോലീസ് ഉദ്യോഗസ്‌ഥർ കർഷകരുടെ വീട് വളഞ്ഞ് ഒരു വ്യക്‌തിയുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുകയാണ് ചെയ്‌തതെന്നും ഹരജിയിൽ പറഞ്ഞു.
പാവപ്പെട്ട കർഷകർക്ക് ഇത്രയും വലിയ തുകയോ അതിന് തുല്യമായ വസ്‌തുക്കളോ ബോണ്ടായി നൽകാൻ കഴിയില്ല. ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നോട്ടീസ് നൽകിയത്. കർഷകർക്ക് വിശദീകരണം നൽകാനുള്ള അവസരം പോലും നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു.
Also Read: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം