ഫഹദിന്റെ ‘മാലിക്’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരും 1 ലക്ഷം ലൈക്കുകളുമായി കുതിക്കുന്നു

By Desk Reporter, Malabar News
Fahad's Malik
Ajwa Travels

ട്രെയ്‌ലർ റിലീസ് ചെയ്‌ത്‌ വെറും രണ്ടു ദിവസം കൊണ്ടാണ് 2 മില്യൺ കാഴ്‌ചക്കാരുമായി ‘മാലിക്’ ചരിത്രം കുറിക്കുന്നത്. പത്ര-ദൃശ്യ-സമൂഹ മാദ്ധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധനേടി മുന്നേറുന്ന ട്രെയ്‌ലറിൽ കാണുന്ന ഫഹദിന്റെ ഞെട്ടിക്കുന്ന വേഷപ്പകർച്ച ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിച്ചിട്ടുണ്ട്. ഫഹദിന്റെ പകർന്നാട്ടം കാണാനായി റിലീസിലേക്കുള്ള കൗണ്ട്ഡൗൺ മനസിൽ സൂക്ഷിച്ചാണ് ആരാധകരുടെ ഇനിയുള്ള രാപകലുകൾ.

ഈ വാർത്ത പബ്ളിഷ് ചെയ്യുന്ന സമയത്ത് 20,19,647 കാഴ്‌ചകളും 1,13,500 ലൈക്കുകളും 5,773 പേരുടെ പ്രതികരണങ്ങളും നേടിയാണ് ‘മാലിക്’ ട്രെയ്‌ലർ, റിലീസിന്റെ രണ്ടാം ദിവസം പിന്നിടുന്നത്. അമാനുഷികത്വമോ അസ്വാഭാവികത്വമോ ഇല്ലാത്ത ഒരു ‘മാസ്’ ചിത്രമായിരിക്കും ‘മാലിക്’ എന്നും ഒട്ടും നിരാശപ്പെടുത്താത്ത ഓള്‍ മോസ്‌റ്റ് റിയലിസ്‌റ്റിക് ആംബിയന്‍സായിരിക്കും മാലിക് എന്നും ട്രെയ്‌ലർ പറയുന്നുണ്ട്. മലയാള സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് മാലിക് നിർമിച്ചിരിക്കുന്നത്.

ട്രെയ്‌ലറിന് ചുവട്ടിൽ രേഖപ്പെടുത്തിയ പ്രതികരണങ്ങളിൽ നിന്നറിയാം ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ. ഒരു ആരാധകൻ; ‘നാളെ റിലീസ് ചെയ്യാൻ പറ്റോ’ എന്നാണ് ചോദിക്കുന്നത്. ഒരു ഫാൻസ്‌ അസോസിയേഷൻ പോലും ഇല്ലാതെ, ഫഹദ് പോലും അറിയാതെ തന്നെ ഫഹദ് ഒരു ‘പാൻ ഇന്ത്യൻ ആക്‌ടർ’ ആയി മാറികഴിഞ്ഞിരിക്കുന്നു എന്നാണ് സുബിൻ ഗോപി എന്ന ആരാധകൻ കുറിക്കുന്നത്.

മറ്റൊരു ആരാധകനായ നിയാസ് ആശ്‌ചര്യപ്പെടുന്നു; ഇങ്ങേർക്ക് മാത്രം എങ്ങനയാ വെറൈറ്റി റോളുകൾ കിട്ടുന്നത്. ഇതേതായാലും ഒരു ലെവൽ ചിത്രമായിരിക്കും. ജിനോദ് പറയുന്നത് അഞ്ചിൽ കൂടുതൽ തവണ ട്രെയ്‌ലർ കണ്ടു കഴിഞ്ഞു എന്നും ഒന്ന് വേഗം റിലീസാക്കൂ, ഇല്ലേൽ ആകാംക്ഷയടിച്ച് പണ്ടാരമടങ്ങും എന്നുമാണ്. 5000ത്തിലധികം ആരാധകരാണ് ഈ രീതിയിലുള്ള പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
Fahad's Malik Poster

ആക്ഷനും സെന്റിമന്‍സും ചേര്‍ത്ത് യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ച ഒരു മാസ് ഫഹദ് സിനിമ. കുടുംബ ബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഇമോഷണല്‍ ആക്ഷന്‍ ത്രില്ലർ. ഫഹദിന്റെ ഇതുവരെ കാണാത്ത ലുക്കും പ്രകടനവും ഇതൊക്കെയാകും സിനിമ എന്നാണ് ട്രെയ്‌ലർ കാഴ്‌ചക്കാരുടെ വിലയിരുത്തൽ.

2021 മെയ് 13ന് വേൾഡ്-വൈഡ് റിലീസ് ഷെഡ്യുൾ ചെയ്‌തിരിക്കുന്ന മാലിക്, ടേക്ക് ഓഫ് എന്ന സൂപ്പർ ഹിറ്റിനു ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ പ്രയത്‌നത്തിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ ശ്രദ്ധനേടിയത്.

തീരദേശ ജനതയുടെ നായകനായ സുലൈമാൻ മാലികിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 20 വയസുമുതൽ 55 വയസുവരെയുള്ള സുലൈമാൻ മാലികിന്റേയും അയാളുടെ പ്രദേശത്തിന്റെയും ജീവിതമാണ് ചിത്രം.

ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്‌ണു, ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു.

Most Read: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE