എക്‌സാലോജിക് കമ്പനിയുടെ രേഖകളിലും കൃത്രിമം; ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ

വീണയുടെ കമ്പനിയായ എക്‌സാലോജിക് കമ്പനിയെ മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.

By Trainee Reporter, Malabar News
veena-vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണത്തിൽ ബെംഗളൂരു ആർഒസിയുടെ നിർണായക കണ്ടെത്തൽ. വീണാ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായാണ് രജിസ്‌റ്റർ ഓഫ് കമ്പനീസിന്റെ നിർണായക കണ്ടെത്തൽ. വീണയുടെ കമ്പനിയായ എക്‌സാലോജിക് കമ്പനിയെ മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.

വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. എക്‌സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവെയ്‌ക്കാനാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. മരവിപ്പിക്കലിന് അപേക്ഷിക്കാനുള്ള യോഗ്യത എക്‌സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ടു വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കാൻ അപേക്ഷ നൽകാൻ സാധിക്കുക. ഇത് മറച്ചുവെച്ചാണ് 2022ൽ വീണയുടെ കമ്പനി അപേക്ഷ നൽകിയത്.

2021 മെയ് മാസത്തിൽ കമ്പനി ഇടപാട് നടത്തിയതിന് രേഖ ഉണ്ടെന്ന് ആർഒസി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തീർപ്പ് കൽപ്പിക്കാത്ത നിയമനടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമനടപടികൾ ഇല്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്‌സാലോജിക് നൽകിയ രേഖ.

എന്നാൽ, 2021ൽ കമ്പനീസ് ആക്‌ട് പ്രകാശം എക്‌സാലോജിക് ഡയറക്‌ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് കമ്പനി മറച്ചുവെച്ചു. ആദായ നികുതിയായി 42,38,038 ലക്ഷം രൂപയും അതിന്റെ പലിശയും അടക്കാൻ ഉള്ള കാര്യവും കമ്പനി മറച്ചുവെച്ചു. രേഖകൾ കെട്ടിച്ചമച്ചതിനും തെറ്റിദ്ധരിപ്പിച്ചതിനും എക്‌സാലോജിക്കിനും വീണക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന വകുപ്പുകൾ ചുമത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

കരിമണൽ കമ്പനിയായ സിഎംആർഎലും വീണയുടെ എക്‌സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നും ആർഒസിയുടെ റിപ്പോർട്ടിലുണ്ട്. പണമിടപാട് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റും സിബിഐയും അന്വേഷിക്കേണ്ട കുറ്റമാണെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ബെംഗളൂരു ആർഒസി പറഞ്ഞു.

പണം വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമായാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും എക്‌സാലോജിക് കമ്പനിക്ക് ഹാജരാക്കാനായില്ലെന്നും കമ്പനി നിയമപ്രകാരം പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യം ഇരു കമ്പനികളും നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ആർഒസി റിപ്പോർട്ടിലുണ്ട്.

അതിനിടെ, കമ്പനി നിയമം ലംഘിച്ചതിന് എക്‌സാലോജിക് സൊല്യൂഷൻസ് ലിമിറ്റഡിന് കർണാടക രജിസ്‌ട്രാർ ഓഫ് കമ്പനീസ് പിഴ ചുമത്തിയതിന്റെ രേഖയും പുറത്തുവന്നിട്ടുണ്ട്. കമ്പനി നിയമപ്രകാരം രജിസ്‌റ്റേഡ് ഓഫീസ് പ്രവർത്തിപ്പിച്ചില്ലെന്നും ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്‌ഥാനം മാറ്റിയെന്നും കാണിച്ചാണ് 2021 ഫെബ്രുവരിയിൽ രണ്ടു ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോലക്ഷം രൂപ അടക്കാനായിരുന്നു ഉത്തരവ്.

Most Read| ഗവർണർക്ക് എതിരായ വിമർശനമോ? നയപ്രഖ്യാപന കരടിന് ഇന്ന് അംഗീകാരം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE