ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 3,500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിന് വേണ്ടി 609 ഇടങ്ങൾ ഡെൽഹി സർക്കാർ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒരു ദിവസം മുഴുവൻ നീളുന്ന പരിശീലനവും ഒരുക്കിയിട്ടുണ്ട്.
രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോക്‌നായക്, കസ്‌തൂർബ, ജിടിബി ആശുപത്രികൾ, ബാബാസാഹേബ് അംബേദ്‌കർ ആശുപത്രി, മൊഹല്ല ക്ളിനിക്ക് എന്നിവിടങ്ങളിലും വാക്‌സിൻ സംഭരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഡെൽഹി വിമാനത്താവളത്തിലെ രണ്ട് കാർഗോ ടെർമിനലുകൾ വാക്‌സിൻ സൂക്ഷിക്കുന്നതിനായി ക്രമീകരിച്ചു. വിമാനത്താവളത്തിൽ 27 ലക്ഷം വാക്‌സിനുകൾ സംഭരിക്കാനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.
മൗലാനാ ആസാദ് മെഡിക്കൽ കോളേജ് 3 ഡോക്‌ടർമാരെ വാക്‌സിനേറ്റിങ്ങ് ഓഫീസർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ വാക്‌സിനേറ്റിങ്ങ് ഓഫീസർമാർക്ക് ഇവർ 3പേരും പരിശീലനം നൽകും. ഇവർ പിന്നീട് ജില്ലാ തലത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും.
Read also: സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം