പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടിയിലെ താരന്‍. യുവാക്കളും മധ്യവയസ്‌കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.
താരന് പ്രധാന കാരണം മലസീസിയ ഫര്‍ഫര്‍ (malassezia furfur) അഥവാ പിറ്റിറോസ്‌പോറം ഒവേല്‍ (ptiyrosporum ovale) എന്ന ഒരുതരം പൂപ്പലുകള്‍ (fungus) ആണ്. ശിരോചര്‍മത്തില്‍ വസിക്കുന്ന ഒരു നിരുപദ്രവകാരിയാണ് ഇത്. പക്ഷേ, ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാക്കുന്നു.
തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരനകറ്റാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
1) താരന്‍ അകറ്റാന്‍ ചെറുനാരങ്ങാ നീര് മികച്ചതാണ്. ഇതിനായി ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്, അര കപ്പ് തൈര്, ഒരു ടീസ്‌പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
2) തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറ്റാര്‍വാഴ. തലമുടിവളരാനും താരന്‍ മാറാനും കറ്റാര്‍വാഴയുടെ നീര് ഏറെ സഹായകരമാകും. ഇതിനായി തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
3) ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റ് കഴിഞ്ഞ് ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്‌ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
4) ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആഴ്‌ചയിലൊരിക്കല്‍ ഇത് ശീലമാക്കിയാല്‍ താരനെ ഒഴിവാക്കാം.
5) ഒരു പഴം ഉടച്ചതിലേക്ക് ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ മിക്‌സ് ചെയ്‌ത് പേസ്‌റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേക്ക് ഒരു സ്‌പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Most Read: 10 കോടിയിൽ ഒന്ന്; അത്യപൂർവ ചെമ്മീൻ ‘വലയിൽ’