കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്‌പീക്കറും, കൊച്ചി മുൻ മേയറും, മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12ന് തോട്ടത്തുംപടി പള്ളിയിൽ. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.
തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്‌ട്രീയത്തിലേക്ക് വന്ന ഹംസക്കുഞ്ഞ് കൊച്ചി മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനിലും നിയമസഭയിലേക്കുമെല്ലാം എത്തിയ വ്യക്‌തിയാണ്. എറണാകുളം മുൻസിപ്പൽ കൗൺസിൽ അംഗമായത് 1966ലാണ്.
തുടർന്ന് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ 1969ൽ നടന്ന തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ കൗൺസിൽ അംഗമായി. തുടർന്ന് 1973 മുതൽ രണ്ടര വർഷം കൊച്ചി കോർപ്പറേഷൻ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ മുസ്‍ലിം ലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി 1975ൽ തിരഞ്ഞെടുക്കപ്പെട്ടു. ലീഗിന്റെ ടിക്കറ്റിലാണ് ഏഴാം നിയമസഭയിലേക്ക് മട്ടാഞ്ചേരിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1982ൽ ഡെപ്യൂട്ടി സ്‌പീക്കറായി. 1986ൽ രാഷ്‌ട്രീയ കാരണങ്ങളാൽ പദവിയിൽനിന്നു രാജി വയ്‌ക്കുകയായിരുന്നു.
Read Also: ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്