നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു പവൻ വീതമുള്ള രണ്ട് വളകൾ എന്നിവയാണ് കവർന്നത്.
വെള്ളിയാഴ്‌ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. തുറന്നിട്ട ജനൽ വഴിയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ജനാലക്കരികിൽ പുറത്ത് ഉയരത്തിനായി വലിയ കല്ല് വെച്ചിട്ടുണ്ട്. വൈദ്യുതി മീറ്റർ ബോർഡിലെ പ്രകാശം മറക്കാനായി പഴയ തുണികൾ വെച്ച് മൂടിയിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള ശാസ്‌ത്രീയ കുറ്റാന്വേഷണ വിഭാഗം പരിസരത്ത് നിന്നും വിരലടയാളങ്ങൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി.
നിലമ്പൂർ സിഐ ധനജ്‌ഞയബാബു, എസ്‌ഐമാരായ സൂരജ്, എം അസൈനാർ, അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read also: കസ്‌റ്റംസ് കമ്മീഷണർക്ക് നേരെ ആക്രമണ ശ്രമം ; രണ്ടുപേർ പിടിയിൽ