ഡെൽഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി യതി നരസിംഹാനന്ദ് അറസ്‌റ്റില്‍. സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്‌റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി.
സന്‍സദ് മുഖ്യ സംഘാടകനായിരുന്ന യതി നരസിംഹാനന്ദിനെ ഉത്തരാഖണ്ഡ് പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. മുസ്‌ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് യതി അടക്കം പരിപാടിയില്‍ പങ്കെടുത്ത ഹൈന്ദവ സന്യാസിമാര്‍ നടത്തിയത്.
വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുമുന്‍പും നിരവധി തവണ യതി മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്തിയിട്ടുണ്ട്.
പോലീസ് എഫ്‌ഐആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്. ഇതിനിടെ സംഭവത്തില്‍ കേസെടുത്ത പോലീസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. വിദ്വേഷ പ്രസംഗം നടത്തിയതിന് സമന്‍സ് അയച്ച പോലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഭീഷണി.
Most Read: വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം