ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകൾ, തൊഴിലാളികൾ, ഉപഭോക്‌താക്കൾ, സന്ദർശകർ എന്നിവരെ മാർക്കറ്റുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. കൂടാതെ, പ്രതിരോധ നടപടികൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരക്കൊഴിഞ്ഞ സമയത്ത് സാധനം വാങ്ങാൻ എത്തുന്നവർക്ക് വിലക്കിഴിവ് നൽകാനും പദ്ധതിയുണ്ട്. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റ് അടച്ചുപൂട്ടണമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന് പ്രാധാന്യം നൽകണമെന്ന് അധികൃതർ പറയുന്നു. കഴിവതും സാധനങ്ങൾ വാങ്ങാൻ തിരക്കേറിയ ചന്തകളിൽ പോകുന്നത് ഒഴിവാക്കണം. കൂടാതെ, മാർക്കറ്റുകളിൽ നിശ്‌ചയിച്ചിട്ടുള്ള സ്‌ഥലത്ത് മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളൂ. പാർക്കിങ് ഏരിയകളിൽ ആൾകൂട്ടം അനുവദിക്കുകയില്ല. മാർക്കറ്റുകളിൽ ആൾകൂട്ടം കണ്ടെത്താനും നിയന്ത്രിക്കാനും സിസിടിവി സംവിധാനം ഏർപ്പെടുത്താമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ദൈനംദിന ആവശ്യങ്ങൾ, ഷോപ്പിങ്, വിനോദം എന്നിവക്കായി നിരവധി ആളുകളാണ് മാർക്കറ്റുകളിൽ എത്തുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം ആൾക്കൂട്ടങ്ങൾ രോഗവ്യാപനം കൂടാൻ കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതിനാൽ, സന്ദർശകർക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനും പ്രത്യേക കവാടങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.
65 വയസിന് മുകളിലുള്ളവർ, രോഗാവസ്‌ഥയുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യവും ആരോഗ്യപരവുമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ഇക്കൂട്ടർ തിരക്കേറിയ മാർക്കറ്റുകളിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: മാദ്ധ്യമ പ്രവര്‍ത്തകന്റെയും സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍