ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്‌തമാക്കി
വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം മൃതദേഹം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ പ്രദീപിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതേസമയം ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തും. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്.
ഹെലികോപ്‌ടർ തകർച്ചയെ കുറിച്ച് അന്വേഷണം നടത്തുന്ന വ്യോമസേനാ മേധാവി എയർ മാർഷൽ മാനവേന്ദ്ര സിങ് തുടർച്ചയായ രണ്ടാം ദിവസവും അപകട സ്‌ഥലം സന്ദർശിച്ചു. റഷ്യൻ നിർമിത മി17വി5 ഹെലികോപ്‌ടർ തകർന്നുവീണാണ് സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ടത്. റഷ്യയിലെ കാസൻ ഹെലികോപ്‌ടേഴ്‌സ് ആണ് ഈ ഹെലികോപ്‌ടർ നിർമിച്ചത്. കത്തിയമർന്ന ഹെലികോപ്‌ടറിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പിന്നീട് ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രത്തിൽ എത്തിച്ച് പരിശോധന തുടങ്ങി.
ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌ത സേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മരിച്ചവരോടുള്ള ആദര സൂചകമായി നീലഗിരി ജില്ലയിൽ കടകളടച്ച് പകൽ ഹർത്താൽ ആചരിക്കുകയാണ്.
Read also: പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് അയോധ്യ വിധിയിലെ ആഘോഷമായിരുന്നില്ല; ഗൊഗോയ്