തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന കാര്യം ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച മാർഗ നിർദേശത്തിനും കോടതി അംഗീകാരം നൽകിയിട്ടുണ്ട്.
ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിപ്പിക്കാമെന്നും, കയ്യിലെ മഷി ആളുകൾ മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധന നടത്തണമെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ ഇരട്ട വോട്ട് ഉള്ള ആളുകളുടെ ഫോട്ടോയും സത്യവാങ്മൂലവും നിർബന്ധമാണ്. ബൂത്തിലെത്തുമ്പോൾ ഇവരുടെ ഫോട്ടോ എടുക്കുകയും ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതി വാങ്ങുകയും വേണമെന്ന് കോടതി നിർദേശം നൽകി.
ഇരട്ടവോട്ട് ഉള്ള ആളുകളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് ഹരജിയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്. ഒപ്പം തന്നെ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇക്കാര്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. ഇരട്ട് വോട്ട് ഉള്ളവർക്ക് നിലവിൽ വോട്ട് നിഷേധിക്കാൻ ആകില്ലെന്നും, ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്‌തമാക്കി.
Read also : തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ പിടികൂടി