ജറുസലേം: ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ വീട് നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരുമായി ആയിരക്കണക്കിന് ആളുകളുടെ അഭയ കേന്ദ്രമായിരുന്നു ആശുപത്രി. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പലസ്‌തീൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്‌ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ളിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്‌ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണം ഉള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കണമെന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തിര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഇസ്രയേൽ അതിർത്തി വരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസും പ്രതികരിച്ചു. ആക്രമണം ഭയപ്പെടുത്തുന്നതാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനും പ്രതികരിച്ചു.
ആക്രമണത്തെ അപലപിച്ച അറബ് രാജ്യങ്ങളും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. എന്നാൽ, ബൈഡനുമായുള്ള കൂടിക്കാഴ്‌ച പലസ്‌തീൻ പ്രസിഡണ്ട് റദ്ദാക്കി.
അതേസമയം, ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം പൂർണമായി തള്ളിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്‌ലാമിക് ജിഹാദികളാണ് വ്യോമാക്രമണത്തിന് പിന്നിലെന്നും റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്നുമാണ് ഇസ്രയേൽ സൈനിക വക്‌താവിന്റെ പ്രതികരണം. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ പരിശോധിച്ചപ്പോൾ ഗാസയിൽ നിന്ന് മിസൈൽ ആക്രമണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടനയ്‌ക്കാണെന്നും ഇസ്രയേൽ സൈനിക വക്‌താവ് ട്വീറ്റ് ചെയ്‌തു.
ആക്രമണത്തിൽ 500ഓളം പേർ ഇതിനോടകം മരിച്ചെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2008 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ആക്രമണം ഇതാണെന്നാണ് റിപ്പോർട്. ജറുസലേം എപിസ്‌കോപ്പൽ സഭയുടെ മേൽനോട്ടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആക്രമണം നടന്ന അൽ അഹ്‌ലി ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത് ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ്. തകർന്ന് കിടക്കുന്ന ജനൽ ചില്ലുകൾക്കിടയിൽ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നത് കാണാം. നൂറുകണക്കിന് പേരാണ് കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി