മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ

By News Desk, Malabar News
sindhu-murdercase
Ajwa Travels

അടിമാലി: പണിക്കൻകുടിയിൽ സിന്ധുവിനെ (45) കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ ചുരുളഴിയുന്നു. അറസ്‌റ്റിലായ മാണിക്കുന്നേൽ ബിനോയി സേവ്യർ (48) ക്രൂരകൃത്യം നടത്തിയത് എങ്ങനെയെന്ന് പോലീസിനോട് വ്യക്‌തമാക്കി.

സിന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. സംശയം തന്നെയാണ് കാരണം. കഴിഞ്ഞ അഞ്ച് വർഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭർത്താവിനൊപ്പം പോകാനുള്ള സാധ്യതയും സിന്ധുവിന്റെ ഫോണിൽ മറ്റ് പലരുടെയും കോളുകൾ വരുന്നത് സംബന്ധിച്ച സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിന്ധുവുമായി കലഹം പതിവായിരുന്നു എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ഓഗസ്‌റ്റ്‌ 12 രാത്രി 12.30ഓടെയാണ് കൃത്യം നടത്തിയത്. സിന്ധുവിന്റെ പന്ത്രണ്ട് വയസുള്ള മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടതിന് ശേഷമായിരുന്നു അരുംകൊല. ക്രൂരമായി മർദ്ദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനും ബിനോയ് ശ്രമിച്ചു. ദേഹത്ത് കയറിയിരുന്ന് മുഖത്ത് അമർത്തി പിടിച്ചു. ഇതിനിടെയാണ് സിന്ധുവിന്റെ വാരിയെല്ലുകൾ പൊട്ടിയത്.

സിന്ധു അബോധാവസ്‌ഥയിലായ ഉടൻ അടുക്കളയിലെ അടുപ്പ് മാറ്റി കുഴിയെടുത്തു. സിന്ധുവിന്റെ ശരീരത്തിൽ നിന്ന് വസ്‌ത്രങ്ങൾ മാറ്റിയ ശേഷം കുഴിയിലിട്ട് മൂടുകയായിരുന്നു. വായ തുറന്നിരുന്നതിനാൽ പ്‌ളാസ്‌റ്റിക്‌ ഉപയോഗിച്ച് മൂടി. തുടർന്ന് മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീ കത്തിക്കുകയും ചെയ്‌തു.

സിന്ധുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെ ഇയാൾ വീടുവിട്ടിറങ്ങി. ഓഗസ്‌റ്റ്‌ 16ന് പെരിഞ്ചാൻകുടി പ്‌ളാന്റേഷനുള്ളിൽ പാറയുടെ വിടവിൽ ഒളിവിൽ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടർന്ന്, വിവിധ സ്‌ഥലങ്ങളിൽ തങ്ങിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു. പോലീസ് മൃതദേഹം കണ്ടെത്താതിരുന്നതിനെ തുടർന്ന് വീണ്ടും നാട്ടിലെത്തി.

കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം. സെപ്‌റ്റംബർ മൂന്നിന് വീണ്ടും പ്‌ളാന്റേഷനിൽ എത്തി പാറയുടെ വിടവിൽ താമസിച്ചു. അന്നാണ് സിന്ധുവിന്റെ മൃതദേഹം പോലീസ് പുറത്തെടുത്തത്. ബിനോയിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാൽ കാട്ടിലെ തണുപ്പിൽ തുടരാനും പ്രയാസമായി.

സാധാരണ വിളിക്കാറുണ്ടായിരുന്ന വക്കീലിനെ പുതിയ നമ്പറിൽ നിന്ന് വിളിച്ചതോടെയാണ് പ്രതി കാട്ടിലുണ്ടെന്ന സൂചന പോലീസിന് ലഭിച്ചത്. ഇന്നലെ ഉച്ചയോടെ പ്‌ളാന്റേഷനിൽ നിന്നിറങ്ങി കമ്പം വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായി റോഡിലേക്ക് നടന്നുവരുമ്പോഴാണ് ബിനോയ് പിടിയിലായത്. സ്വകാര്യ ജീപ്പിൽ വേഷം മാറിയെത്തിയ പോലീസ് സംഘം ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Also Read: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE