ബെംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ തുടങ്ങിയതിന് പിന്നാലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
പിന്നീട് ഹിജാബ് മാറ്റിയ ശേഷമാണ് ഇവരെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്. ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്‌ക്ക് എത്തുന്നവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എട്ടര ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ നാലര ലക്ഷത്തോളം പെണ്‍കുട്ടികളാണ്.
ഹിജാബിന്റെ പേരില്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമേഖലകളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Read Also: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു