സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യയെ തകർത്താണ് ഓസ്ട്രേലിയ പരമ്പര (2-0) നേടിയത്. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസ് എന്ന വിജയലഷ്യം പിന്തുടർന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്‌ടത്തിൽ 338 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ച വെച്ചു.
ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്‌കോർ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് മായങ്ക് അഗർവാളും ശിഖർ ധവാനും 58 റൺസ് നേടി. 23 പന്തിൽ നിന്ന് 5 ഫോറുകളടക്കം 30 റൺസെടുത്ത ധവാന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്‌ടമായത്. 26 പന്തുകളിൽ നിന്ന് 4 ഫോറുകളടക്കം 28 റൺസെടുത്ത അഗർവാളിന്റെ വിക്കറ്റും ഇന്ത്യക്ക് വൈകാതെ നഷ്‌ടമായി.
പിന്നീട് ഇറങ്ങിയ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. 36 പന്തുകളിൽ നിന്ന് 38 റൺസെടുത്ത അയ്യരെ സ്‌റ്റീവ് സ്‌മിത്ത് തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയിരുന്നു. ശേഷം എത്തിയ കെഎൽ രാഹുലും കോഹ്‌ലിയും ചേർന്ന് 72 റൺസ് നേടി. 87 പന്തുകളിൽ നിന്നും 2 സിക്‌സും 7 ഫോറുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കോഹ്‌ലി ഡൈവിംഗ് ക്യാച്ചിലൂടെയാണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ രാഹുൽ-ഹാർദിക് പാണ്ട്യ സഖ്യം 63 റൺസ് നേടി. 76 റൺസെടുത്ത രാഹുൽ 44ആം ഓവറിലാണ് പുറത്തായത്.
ഹാർദിക് പാണ്ട്യ (28), രവീന്ദ്ര ജഡേജ (24), മുഹമ്മദ് ഷമി (1), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യൻ കളിക്കാർ. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് 3 വിക്കറ്റുകൾ വീഴ്‌ത്തി. ജോഷ് ഹെയ്‌സൽവുഡ്, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി.
Read also: പ്രവാസികളുടെ പ്രിയ നഗരങ്ങളുടെ പട്ടിക; ആദ്യ ഇരുപതില്‍ അറബ് രാജ്യങ്ങളും