ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ക്യാപ്‌റ്റൻ രോഹിത് ശർമയും ചേർന്ന് ഇന്ന് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്‌ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്‌പിന്നർമാരായ ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരും ടീമിലില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്‌റ്റൻ. കെ എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ളിയറൻസ് ലഭിച്ചതിന് പിന്നാലെയാണ് ടീം പ്രഖ്യാപനം. സഞ്‌ജു സാംസണെ കൂടാതെ ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വർമയ്‌ക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അവസരം ലഭിച്ചില്ല.
ടീം അംഗങ്ങൾ: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്. മൂന്ന് റൗണ്ടർമാരും നാല് പേസർമാരും ഏഴ് ബാറ്റർമാരും അടങ്ങുന്ന ലഭ്യമായതിൽ ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതിന് രോഹിത് ശർമ വ്യക്‌തമാക്കി.
ഒക്‌ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പിൽ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. 14ന് അഹമ്മദാബാദിലാണ് പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ നിർണായക മൽസരം. ആകെ പത്ത് വേദികളിലാണ് പ്രധാന മൽസരങ്ങൾ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡെൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മൽസരങ്ങൾ നടക്കുക. അവസാനമായി 2011ലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം സ്വന്തമാക്കിയതും.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!