ഹൈദരാബാദ്: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെ അപമാനകരമായ പ്രസ്‌താവനകൾ നടത്തിയ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) എംഎൽഎ ധർമ്മ റെഡിക്കെതിരെ നടപടി എടുക്കണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ പാർലമെന്റ് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ വി ഹനുമന്ത റാവു. രാജ്യത്തിന് തന്നെ അപമാനകരമാണ് എംഎൽഎയുടെ വാക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 72 വർഷമായി. എന്നിട്ടും തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) എംഎൽഎ ധർമ്മ റെഡി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വായിക്കാനും എഴുതാനും അറിയില്ലെന്നും അത്തരം സമുദായങ്ങൾക്ക് സംവരണം നൽകുന്നതിലൂടെ സർക്കാരിന്റെ സൽപ്പേരിനെ ബാധിക്കുന്നുവെന്നും പറഞ്ഞു,’ മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്‌തമാക്കി.
ജനങ്ങളെ മാത്രമല്ല, ഡോ. ബിആർ അംബേദ്‌കറിനെയും എംഎൽഎ അപമാനിച്ചുവെന്നും ഇത്തരം പ്രസ്‌താവനകളിലൂടെ സമൂഹത്തിലെ ദുർബല വിഭാഗ ജനങ്ങളുടെ ആത്‌മാഭിമാനത്തെ അദ്ദേഹം വേദനിപ്പിച്ചുവെന്നും ഹനുമന്ത റാവു കൂട്ടിച്ചേർത്തു.
മാത്രവുമല്ല ധർമ്മ റെഡിക്കെതിരെ തെലങ്കാന സർക്കാർ നടപടിയെടുക്കണമെന്നും ഇല്ലാത്തപക്ഷം പ്രതിഷേധം ശക്‌തമാക്കും എന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍