ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് യുവതിയെ അറസ്‌റ്റ് ചെയ്‌തത്. തട്ടിപ്പുമായി ബന്ധപെട്ട് 13 പരാതികൾ ലഭിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ പേര് പറഞ്ഞാണ് ഇവർ പലരെയും സമീപിക്കുന്നത്.
തുടർന്ന്, വിവാഹത്തിനും വീട് വെക്കുന്നതിനും അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്‌പ നൽകാമെന്ന് പറഞ്ഞാണ് ആളുകളെ ഇതിലേക്ക് ആകർഷിപ്പിക്കുന്നത്. അഞ്ചു ലക്ഷം രൂപ ആവശ്യമുള്ളവർ ഒരു ലക്ഷം രൂപയും, പത്ത് ലക്ഷം രൂപ ആവശ്യമുള്ളവർ രണ്ടര ലക്ഷം രൂപയും മുൻകൂറായി നൽകണം. ഈ തുക കഴിച്ചുള്ള ബാക്കി പണം പലിശ രഹിത തവണകളാക്കി അടച്ചാൽ മതിയെന്ന് ആവശ്യക്കാരെ ബോധ്യപ്പെടുത്തും. തുടക്കത്തിൽ പണം അടക്കുന്നതിനാൽ ബാക്കിയുള്ള പണം കുറച്ചു കാലതാമസം എടുത്ത് തവണകളായി അടച്ച് തീർത്താൽ മതിയെന്ന് ആളുകളോട് പറയും.
ഇതോടെ പലരും പണം കൊടുത്ത് തട്ടിപ്പിന് ഇരയാവുകയാണ്. വിശ്വാസത്തിനായി വിവിധ രേഖകളും ഫോട്ടോകളും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ബത്തേരി സ്‌റ്റേഷനിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട എഴുപതോളം പേരെത്തിയിട്ടുണ്ട്. മറ്റു പോലീസ് സ്‌റ്റേഷൻ പരിധികളിലും ഇത്തരത്തിൽ ഒട്ടേറെപ്പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെ വീട്ടിൽ നിന്നാണ് നഫീസുമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ നഫീസുമ്മയെ കോടതി റിമാൻഡ് ചെയ്‌തു.
Most Read: പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം