നോട്ട് നിരോധനം ഭരണഘടനാ പരമോ? നിർണായക സുപ്രീം കോടതി വിധി ഇന്ന്

നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രീം കോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹരജികൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, ലക്ഷ്‌മണരേഖ ഉണ്ടെന്ന് അറിയാമെന്നും, ചില സന്ദർഭങ്ങളിൽ കൈയും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ പരാമർശം

By Trainee Reporter, Malabar News
demonetisation
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം ഭരണഘടനപരമോ എന്നതിൽ നിർണായക സുപ്രീം കോടതി വിധി ഇന്ന്. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌ത്‌ 58 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. ജസ്‌റ്റിസ്‌ എസ് അബ്‌ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരക്കാണ് വിധി പറയുക.

നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രീം കോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹരജികൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, ലക്ഷ്‌മണരേഖ ഉണ്ടെന്ന് അറിയാമെന്നും, ചില സന്ദർഭങ്ങളിൽ കൈയും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

കേന്ദ്ര സർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധീകരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹരജിക്കാർക്ക് വേണ്ടി ഹാജരായി. സിപിഐ, തൃശൂർ, ഇടുക്കി ജില്ലാ സഹകരണ ബാങ്കുകൾ, പാപ്പിനിശ്ശേരി മൗവ്വചേരി മാടായി സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പടെ 58 വ്യക്‌തികളും സ്‌ഥാപനങ്ങളും സംഘടനകളുമാണ് ഹരജിക്കാർ.

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വ്യക്‌തമാക്കാൻ കേന്ദ്ര സർക്കാരിനോട് കേസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രത്തിൽ നിന്നും റിസർ ബാങ്കിൽ നിന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം തേടിയിരുന്നു. 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിൽ സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കണം എന്നായിരുന്നു കേന്ദ്രസർക്കാരിനും ആർബിഐക്കും ഉള്ള കോടതി നിർദ്ദേശം.

വാദങ്ങൾ കേട്ടതിന് ശേഷം കോടതി കേന്ദ്രത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. വ്യാജ കറൻസിയും തീവ്രവാദ ഫണ്ടിങ്ങും ചെറുക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് 2016ലെ നോട്ട് നിരോധനം എന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഫയൽ ചെയ്‌ത സത്യവാങ്മൂലത്തിലെ നിലപാട്. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പടെ ഉള്ളവയെകുറിച്ച് പഠിച്ച ശേഷം പരിഹാരമായാണ് തീരുമാനം എടുത്തതെന്നായിരുന്നു ആർബിഐ നിലപാട്. അതേസമയം. ഭരണഘടനാ ബെഞ്ചിൽ നിന്നും ഭിന്നവിധി ഉണ്ടാവുമോ എന്നതിലാണ് കേന്ദ്ര സർക്കാരിന്റെ ആകാംക്ഷ. നിരോധനത്തിന് ആറ് വർഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിനും നിർണായകമാണ്.

2016 നവംബര്‍ 8 അര്‍ധരാത്രി 12 മണിയോടെ പൊടുന്നനെ ആയിരുന്നു രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ പ്രഖ്യാപനം നിരവധി ചര്‍ച്ചകള്‍ക്കാണ് പിന്നീട് വഴി തെളിച്ചത്.

പണം പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ വാങ്ങാനും ആളുകള്‍ ബാങ്കുകള്‍ക്കും എടിഎമുകള്‍ക്കും മുന്നില്‍ ആഴ്‌ചകളോളമാണ് ക്യൂ നിന്നത്. മാത്രവുമല്ല ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്‌ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ ഏതുരീതിയിലും ശിക്ഷിക്കാമെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ 2016ല്‍ 8.25 ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ല്‍ 5.02 ആയി കൂപ്പുകുത്തിയതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെങ്കിലും 99.30 ശതമാനം കറന്‍സികളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.

Most Read: മത തീവ്രവാദികളെ എതിർക്കാൻ ഒരു സമുദായത്തിന് മാത്രമായി കഴിയില്ല; ലീഗിനെതിരെ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE