കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ച, സർക്കാർ ഭീഷണിപ്പെടുത്തുകയാണ്; വിഡി സതീശൻ

By Desk Reporter, Malabar News
VD-SAtheeshan
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ വെപ്രാളത്തിലും ഭീതിയിലുമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഇപ്പോള്‍ കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ചയാണ്. മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത മൊഴി നല്‍കിയതിന്റെ പേരില്‍ മറ്റൊരു പ്രതിയുടെ പേരില്‍ കേസെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിനാണ് ഈ ബഹളമൊക്കെ കാണിക്കുന്നത്. ഞങ്ങള്‍ക്ക് എതിരെ ആരെങ്കിലും തെളിവ് കൊടുത്താല്‍ ഇതായിരിക്കും അനുഭവമെന്ന് ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

മുൻപ് കേസിലെ പ്രതിയായ ഒരു സ്‌ത്രീയെ വിളിച്ചുവരുത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ടയാളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറഞ്ഞ് അന്നത്തെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് ഇരിക്കുന്നത്.

കാലം കണക്കുചോദിക്കുന്ന പ്രകൃതി നിയമമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് ഡയറി ഉൾപ്പടെ ദിവസേന പരിശോധിക്കുന്ന തലത്തിലായിരിക്കണം അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ നടപടി എടുത്തില്ലെങ്കില്‍ നിയമപരമായ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

സ്വപ്‌നയുടെ കുറ്റസമ്മത മൊഴിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്ത് നടപടിയെടുക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. പ്രതി ആദ്യമായല്ല കുറ്റസമ്മത മൊഴി കൊടുത്തത്. നേരത്തെ കസ്‌റ്റംസ്‌ കോടതിയിലും ഷോക്കോസ് നോട്ടീസിനുള്ള മറുപടിയിലും കുറ്റസമ്മതമൊഴിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊന്നും നേരത്തെ കൊടുത്തതായി അറിയില്ലെന്നാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ പറയുന്നത്.

ഇത്രയും ഗൗരവതരമായ ആരോപണങ്ങള്‍ നേരത്തെ തന്നെ പ്രതി ഉന്നയിച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ന ചോദ്യം യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സിപിഎം- ബിജെപി നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിച്ചത്. ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ മറുപടി പറയണമെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നയുടെ അടുത്തേക്ക് ഇടനിലക്കാരനെ അയച്ചത് യുഡിഎഫല്ല. ഭീഷണിപ്പെടുത്തലും കേസെടുക്കലും ഉൾപ്പടെ ഇവര്‍ പലവഴികളും നോക്കുന്നുണ്ട് എന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ബിരുദം ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സ്വപ്‌നയെ ഈ സര്‍ക്കാര്‍ മാനേജരാക്കിയത്.

ഈ കേസില്‍ രണ്ട് കൊല്ലമായിട്ടും ഒരു അന്വേഷണവുമില്ല. ഇപ്പോള്‍ അന്വേഷിക്കുന്നത് ഭയപ്പെടുത്താനാണ്. ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടും ഏജന്‍സികളെ കുറിച്ച് പഠിക്കാന്‍വെച്ച കമ്മീഷന്റെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത വിഭ്രാന്തിയിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Most Read:  രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE