കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ്  പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു

By Syndicated , Malabar News
local body kannur_Malabar news
Ajwa Travels

കണ്ണൂര്‍: ജില്ല  ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ വിജയം നേടി.

ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56 ഇടത്തും മിന്നുന്ന വിജയം നേടിയാണ്  ജില്ലയിലെ എല്‍ഡിഎഫ് തേരോട്ടം. തിരഞ്ഞെടുപ്പ് നടന്ന  എട്ട് നഗരസഭകളില്‍ നാലിടത്തും എല്‍ഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി. കടുത്ത മൽസരം നടന്ന ഇരിട്ടിയില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കിലും എല്‍ഡിഎഫാണ്   ഏറ്റവും വലിയ ഒറ്റകക്ഷി.

കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിച്ച് ജില്ലാ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് സ്വന്തമാക്കി.  ഉദയഗിരി, ചെറുപുഴ, പയ്യാവൂര്‍, ആറളം, കണിച്ചാര്‍ പഞ്ചായത്തുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായതില്‍ ജോസ് വിഭാഗത്തിന്റെ  വരവ്  നിര്‍ണായക പങ്കുവഹിച്ചു.

എല്‍ജെഡിയുടെ സ്വാധീന പ്രദേശമായ  കുന്നോത്തുപറമ്പ് പഞ്ചായത്തിലും എല്‍ഡിഎഫ് പിടിച്ചെടുത്തെങ്കിലും  കടമ്പൂര്‍ പഞ്ചായത്ത് ഇടതിന് നഷ്‌ടപ്പെട്ടു. യുഡിഎഫ് അധീനതയിലുണ്ടായിരുന്ന കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

കടുത്ത പോരാട്ടം നടന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മികച്ച വിജയം നേടാനായതാണ് യുഡിഎഫിന്റെ ആശ്വാസം. 55 വാര്‍ഡുകളില്‍ 34 ഇടത്തും വിജയിച്ചാണ് യുഡിഎഫ് കരുത്ത് കാട്ടിയത്. എന്നാല്‍ കാനത്തൂരിലെ വിമതന്റെ വിജയം യുഡിഎഫിന് തിരിച്ചടിയായി.

ആന്തൂര്‍ നഗരസഭയും പാനൂര്‍ ബ്ളോക്ക് പഞ്ചായത്തുമടക്കം പന്ത്രണ്ട് തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രതിപക്ഷമില്ലാതിയാണ് എല്‍ഡിഎഫ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പറേഷനിലടക്കം 46 ഇടത്ത് വിജയിച്ച് ബിജെപി കരുത്തുകാട്ടി.

തലശേരി നഗരസഭയില്‍ പ്രധാന പ്രതിപക്ഷമാകാനും ബിജെപിക്ക് കഴിഞ്ഞു. ജില്ലയിലെ 13 വാര്‍ഡുകളില്‍ എസ്ഡിപിഐയും നാലിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു. കഴിഞ്ഞ തവണ 11 ബ്ളോക്ക് പഞ്ചായത്തുകളിലും ആധിപത്യം ഉറപ്പിച്ച എല്‍ഡിഎഫിന് ഇത്തവണ നഷ്‌ടമായത് ഇരിക്കൂറാണ്.

Read also: കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE