നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി

By Syndicated , Malabar News
niyamasabha conflict case
Ajwa Travels

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികളായ ഇപി ജയരാജന്‍, കെടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, സികെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് എന്നിവര്‍ വിചാരണ നേരിടണമെന്നും ജസ്‍റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

എംഎല്‍എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണ്. ഇവർക്ക് പ്രത്യേക പരിഗണനയില്ല. നിയമസഭയിൽ നടത്തുന്ന അക്രമങ്ങൾ പാർലമെന്ററി നടപടികളുടെ പരിഗണനയിൽ വരില്ലെന്നും അതിനാൽ നിയമ പരിരക്ഷ ലഭിക്കുകയില്ലെന്നും കോടതി വ്യക്‌തമാക്കി. അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല നിയമപരിരക്ഷ നല്‍കുന്നത്. അങ്ങനെയെങ്കില്‍ അത് പൗരൻമാരോടുള്ള വഞ്ചനയായി മാറുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രീം കോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി വ്യക്‌തമാക്കി. വിഷയത്തിൽ നിയമോപദേശം നൽകിയ പബ്ളിക് പ്രോസിക്യൂട്ടര്‍ കെകെ രവീന്ദ്രനാഥിന് നേരെയും കോടതി വിമർശനം ഉന്നയിച്ചു.

നിയമസഭക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ തന്നെ കോടതി വ്യക്‌തമാക്കിയിരുന്നു. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും എംഎല്‍എമാരുടെ കൈവശം തോക്കുണ്ടായിരുന്നു എങ്കിൽ വെടിയുതിർക്കുമോ എന്നും കോടതി ചോദിച്ചിരുന്നു.

കോടതിയിലും വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്റെ പേരില്‍ വസ്‌തുക്കള്‍ നശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞിരുന്നു. അതേസമയം, ഭരണപക്ഷവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ വനിതാ അംഗങ്ങളെ സഭക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്ക് വഴി മാറിയതെന്നുമാണ് സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകിയത്.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയില്‍ എത്തിയത്. നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നതില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാമെന്ന അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെകെ രവീന്ദ്രനാഥിന്റെ നിയമോപദേശത്തിലാണ് സർക്കാർ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ബാര്‍കോഴയില്‍ ആരോപണം നേരിട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് സഭയില്‍ പ്രതിഷേധിച്ചത്. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെഎം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും യുഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുകയും ആയിരുന്നു.

Read also: നിയമസഭാ സമ്മേളനം; റമീസിന്റെ അപകട മരണം പ്രതിപക്ഷം ഉന്നയിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE