കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം. അത്‌ലറ്റിക്‌സിൽ ആദ്യ രണ്ട് സ്വർണവും മലപ്പുറം ജില്ല സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്‌എംഎച്ച്‌എസ്‌എസ് ആലത്തിയൂർ സ്‌കൂളിലെ കെപി ഗീതുവും സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം ഐഡിയൽ സ്‌കൂളിലെ മുഹമ്മദ് സുൽത്താനും സ്വർണം നേടി.
കഴിഞ്ഞ വർഷത്തെ കായികമേളയിൽ ലഭിച്ച നാലാം സ്‌ഥാനമാണ് മുഹമ്മദ് സുൽത്താൻ ഇത്തവണ സ്വർണമാക്കി നേടിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് മൽസര ശേഷം മുഹമ്മദ് സുൽത്താൻ പ്രതികരിച്ചു. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ വെള്ളിയും വെങ്കലവും പാലക്കാട് ജില്ല നേടി.
മുണ്ടൂർ എച്ച്‌എസ്‌എസ് പാലക്കാടിന്റെ അനശ്വര വെള്ളിയും പാലക്കാട് ജിഎച്ച്‌എസ്‌എസ് പത്തിരിപ്പാല സ്‌കൂളിലെ ഗായത്രി സുരേഷ് വെങ്കലവും സ്വന്തമാക്കി. അക്വാട്ടിക്‌സ്, ഗെയിംസ് മൽസരയിനങ്ങളാണ് ആദ്യദിനമായ ഇന്നലെ നടന്നത്. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിലെന്നാണ് വിവരം.
കോതമംഗലം എംഎ കോളേജിൽ നടന്ന 400 മീറ്റർ ഫ്രീസ്‌റ്റൈയിലിലാണ് മേളയിലെ ആദ്യ റെക്കോർഡ് പിറന്നത്. തിരുവനന്തപുരം എംവിഎച്ച്‌എസ്‌എസിലെ മോൻഗം തീർഥു സാംദേവാണ് ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്‌കൂൾ കായികമേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്.
Most Read| ലൈംഗികാതിക്രമം; സ്‌ത്രീകൾക്കും കുട്ടികൾക്കും നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി